ഞാൻ മേരിക്കുട്ടി



കഥാസാരം:

മാത്തുകുട്ടി ആണാണെങ്കിലും മനസ്സ് പെണ്ണിന്റെയാണ്. മാത്തുക്കുട്ടി പെണ്ണായി മാറി, മേരി കുട്ടിയാകുന്നു. എന്നാൽ ഇത്തരത്തിലുള്ള മാത്തുകുട്ടിയെ 'അമ്മ ഒഴികെ ഉള്ള വീട്ടുകാരും, നാട്ടുകാരും ഒറ്റപ്പെടുത്തുന്നു. പോലീസ് ഓഫീസർ ആകുക എന്ന മേരി കുട്ടിയുടെ സ്വപ്നത്തിലേക്കുള്ള ദൂരമാണ്  'ഞാൻ മേരിക്കുട്ടി ' എന്ന ചിത്രം.

സിനിമ വിശകലനം:

നവയുഗ മലയാള സിനിമയിലെ ശക്തമായ കൂട്ടുകെട്ടാണ് രഞ്ജിത്ത് ശങ്കർ - ജയസൂര്യ ടീം. ഈ ടീമിൽ നിന്ന് ഇറങ്ങിയ എല്ലാ സിനിമകളും, സാമൂഹിക പ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ  വൻ വിജയങ്ങളും ആയിരുന്നു. ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. ' ട്രാന്സ്ജെന്ഡേഴ്സ്' എന്ന് പറഞ്ഞു സമൂഹം അവജ്ഞയോടെയും പരിഹാസത്തോടെയും കാണുന്ന കൂട്ടരോടുള്ള നമ്മുടെ പ്രതിബദ്ധതയും ധാർമികതയും ഓര്മിക്കുന്നതാണ് ഈ ചിത്രം. ആണിന്റെയും, പെണ്ണിന്റെയും ലോകം അല്ല...മറിച്ചു ഇത് കഴിവ് ഉള്ളവന്റെ ലോകമാണെന്നു തെളിയിച്ച കഥാസാരം. മിമിക്രിയായി തോന്നാതെ സീരിയസ് മൂഡിൽ ഈ ചിത്രം അവതരിപ്പിച്ചു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വല്യ മേന്മ.

അഭിനയം, അഭിനേതാക്കൾ:
മേരി കുട്ടി എന്ന ടൈറ്റിൽ റോളിൽ ജയസൂര്യ അഭിനയിക്കുകയായിരുന്നില്ല, മറിച്ചു ജീവിക്കുകയായിരുന്നു. മിമിക്രയായി മാറാതെ കഥയുടെ സീരിയസ്നെസ്സ് ചോർന്നു പോകാതെ തികച്ചും മിതത്വം പാലിച്ച പക്വതയാർന്ന അഭിനയം. ഹാസ്യ രംഗങ്ങളിൽ ഇന്നൊസെന്റും, അജു വര്ഗീസും തിളങ്ങി. ജോജോയുടെ വില്ലനിസം കലർന്ന പോലീസ് വേഷം അതി ഗംഭീരമായി തന്നെ അദ്ദേഹം അവതരിപ്പിച്ചു. സൂരജ് വെഞ്ഞാറമ്മൂട് അഭിനയത്തിന്റെ കൊടുമുടിയിലേക്കു നടന്നു കയറി തുടങ്ങി. ജ്യൂവെൽ മേരിയുടെ അഭിനയം തീർത്തും വെറുപ്പ് ഉളവാക്കുന്ന തരത്തിലായിരുന്നു. ഈ ചിത്രത്തിലെ ഒരേയൊരു മോശം അഭിനയ പ്രകടനം ജുവെലിന്റെ മാത്രം ആയിരുന്നു.

സംഗീതം, സാങ്കേതികം , സംവിധാനം:

ആനന്ദ്  ഈണം ഇട്ട ഗാനങ്ങൾ കഥാഗതിയോടു ഇഴുകി ചേരുന്നവ ആയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ശരാശരിയിൽ ഒതുങ്ങിയപ്പോൾ, കൈകാര്യം ചെയ്ത വിഷയത്തിന്റെ തീവ്രത ചോർന്നു പോകാതെ അവതരിപ്പിച്ച സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ് ഈ ചിത്രത്തിന്റെ വിജയ ശില്പി. ട്രാന്സ്ജെന്ഡേഴ്സിന്റെ എല്ലാ പ്രശ്നങ്ങളും പറഞ്ഞില്ലെങ്കിൽ കൂടി, അവർ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളും, ജീവിത പ്രേശ്നങ്ങളും മികച്ച രീതിയിൽ അവതരിപ്പിച്ചു. രഞ്ജിത്ത് ശങ്കറിന്റെ പതിവ് ഉപദേശങ്ങളും, ഇൻസ്പിറേഷൻ ഡയലോഗുകളും ചിത്രത്തെ പ്രേക്ഷകനോട് കൂടുതൽ അടുപ്പിക്കുന്നു.

പ്രേക്ഷക പ്രതികരണം:
'മായാമോഹിനി' പ്രതീക്ഷിച്ചു പോകുന്നവർ നിരാശപ്പെടും. മറ്റുള്ളവർക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം. 

റേറ്റിങ്: 3 .5  / 5

വാൽകഷ്ണം:
ഈ ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യക്ക് മിനിമം ഒരു സ്റ്റേറ്റ് അവാർഡ് കൊടുത്തില്ലെങ്കിൽ, അത് ആ നടനോട് ചെയുന്ന ക്രൂരതായാവും.


---പ്രമോദ് മാത്യു ജേക്കബ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി