അനുരാഗ കരിക്കിൻ വെള്ളം




കഥാസാരം:
അഭി (ആസിഫ് അലി) ഒരു ആർക്കിടെക്ട് ആണ്. എഞ്ചിനീറിങ് കഴിഞ്ഞ അഭിക്ക് മുന്നിലേക്ക്‌ ഒന്നര കോടി രൂപക്ക് 50 വീടുകൾ നിർമിച്ചു നൽകാനുള്ള ഓഫറുമായി ഒരു സായിപ്പ് എത്തുന്നു. എന്നാൽ ഈ രൂപക്ക് ആ പ്രൊജെക്ട് ചെയ്യാൻ ആവില്ല എന്നു പറഞ്ഞു അഭി ഉത്തരവാദിത്തങ്ങളിൽ നിന്നു ഒഴിഞ്ഞു മാറുന്നു. എഞ്ചിനീറിങ്ങിനു കൂടെ പഠിച്ച എലിസബത്തുമായുള്ള (രജീഷ വിജയൻ) പ്രണയം അഭിക്ക് തലവേദന ആകുന്നു. എലിസബത്തിനെ ഒഴിവാക്കാൻ അഭി ശ്രമിക്കുമ്പോൾ, അഭിയുടെ അച്ഛൻ(ബിജു മേനോൻ) ഇവരുടെ പ്രണയത്തിനു ഇടയിൽ പെടുന്നു. അഭിയുടെയും, അഭിയുടെ അച്ഛന്റെയും, എലിസബത്തിന്റെയും ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം പ്രേക്ഷകന് കാട്ടി തരുന്നത്.

സിനിമ അവലോകനം: 
നവാഗത സംവിധായകൻ ആയ ഖാലിദ് റഹ്‌മാന്റെ സിനിമ . നിർമിക്കുന്നത് പ്രിത്വിരാജ്. നായകൻ ആസിഫ് അലിയും - ബിജു മേനോനും.  ഈ വ്യത്യസ്തത നിറഞ്ഞ കോമ്പിനേഷൻ ആണ്,ചിത്രം കാണാൻ പ്രേക്ഷകനെ ആകർഷിക്കുന്നതു. തന്റെ ആദ്യ സംരഭം പ്രണയവും, വിരഹവും, കുടുംബ ജീവിതത്തിലെ രസകാഴ്ചകളും ഒക്കെ കൊണ്ടു സമ്പന്നം ആക്കിയിട്ടുണ്ട് ഇതിന്റെ സംവിധായകൻ. ഒരുപാട് അതിശയോക്തികൾ ഇല്ലാതെ, ഒരു കൊച്ചു റിയലിസ്റ്റിക് സിനിമ. കുടുംബ പ്രേക്ഷകന്റെയും, യുവജനങ്ങളുടെയും മനസ്സു നിറക്കാനുള്ളതെല്ലാം ഈ കൊച്ചു ചിത്രത്തിൽ ഉണ്ട്.

അഭിനയം, അഭിനേതാക്കൾ:
ആസിഫ് അലി നായക കഥാപാത്രത്തെ തികച്ചും മിതത്വം പാലിച്ചും, പക്വതയോടും കൂടി അവതരിപ്പിച്ചു. ആസിഫ് അലി പോലെയൊരു യുവനായകന്റെ അച്ഛൻ വേഷം ചെയ്തു ഫലിപ്പിച്ച ബിജു മേനോൻ,പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു. അമ്മ വേഷത്തിൽ ആശാ ശരത്തും തിളങ്ങി. പക്ഷെ ചിത്രത്തിൽ എടുത്തു പറയേണ്ട അഭിനയ മികവ് കാട്ടിയതു നായിക ആയ രജിഷ ആണ്. അത്രക്ക് മികച്ച രീതിയിൽ ആണ് ഒരു കാമുകിയുടെ റോൾ രജിഷ അവതരിപ്പിച്ചത്. തികച്ചും റിയലിസ്റ്റിക് ആയ ആ അഭിനയം കാഴ്ച വെച്ച രജിഷ ആണ് ഈ ചിത്രത്തിലെ താരം. സൗബിൻ, ശ്രീനാഥ് ഭാസി, സുധീർ കരമന തുടങ്ങിയവർ തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.

സംഗീതം, സംവിധാനം, സാങ്കേതികം:
പ്രശാന്ത് പിള്ളയുടെ സംഗീതം ചിത്രത്തിന് ഒരു പുതുമ നൽകുന്നുണ്ട്. ഒരു സാധാരണ കഥയെ , റിയലിസ്റ്റിക് ആയി അവതരിപ്പിച്ച തിരക്കഥാകൃത്തു നവീൻ ഭാസ്കറിനും , സംവിധായകൻ ഖാലിദ് റഹ്‌മാനും അഭിനന്ദനം അർഹിക്കുന്നു. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും നന്നായി.

പ്രേക്ഷക പ്രതികരണം: 
അമിത പ്രതീക്ഷകൾ വെക്കാതെ, പോയി കണ്ടാൽ നിരാശരാവേണ്ടി വരില്ല. കുടുംബ സമേതം പോയി കാണാൻ കഴിയുന്ന ഒരു നല്ല കുടുംബ ചിത്രം.

റേറ്റിങ്: 3 / 5    

വാൽകഷ്ണം: 
എല്ലാവർക്കും ഒരുപോലെ കരിക്കിൻ വെള്ളം ഇഷ്ടം ആകണമെന്നില്ല..പക്ഷെ ഒരിക്കൽ കരിക്കു കുടിച്ചവൻ വീണ്ടും കുടിക്കാൻ ആഗ്രഹിച്ചാൽ തെറ്റു പറയാൻ പറ്റില്ല..

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി