കസബ



കഥാസാരം:
സാധാരണ പോലീസുകാരിൽ നിന്നു വ്യത്യസ്തൻ ആണ് സി ഐ രാജൻ സക്കറിയ (മമ്മൂട്ടി). അദ്ദേഹത്തിന്റെ നടപ്പിലും, സ്വഭാവത്തിലും , സംസാരത്തിലും എല്ലാം ഈ വ്യത്യസ്തത കാണാം. കാളീപുരം എന്ന അതിർത്തി ഗ്രാമത്തിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ 6 പോലീസുകാർ  ഉൾപ്പടെ 8 പേർ കൊല്ലപ്പെടുന്നു. അതിൽ ഒരാൾ ഐ ജിയുടെ മകൻ ആയിരുന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയാൻ ഐ ജി  രാജൻ സക്കറിയയെ കാളീപുരത്തേക്കു സ്ഥലം മാറ്റുന്നു. രാജൻ സക്കറിയയുടെ കാളീപുരത്തെ അന്വേഷണം ആണ് " കസബ" എന്ന ചിത്രത്തിന്റെ ആകെ തുക.

സിനിമ അവലോകനം :
മമ്മൂട്ടിക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച രഞ്ജി പണിക്കരുടെ മകൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. പ്രേക്ഷകർ ഒരു "കിങ്" ഒക്കെ പ്രതീക്ഷിച്ചു പോയതിൽ തെറ്റു പറയാൻ പറ്റില്ല.പക്ഷെ സാധാരണ പ്രേക്ഷകന്റെ മുഖത്തു കൊഞ്ഞനം കുത്തുന്ന തിരക്കഥയും, അസഭ്യം (ആഭാസം) നിറഞ്ഞ സംഭാഷണ ശകലങ്ങളും ചിത്രത്തെ പിന്നിലേക്കു വലിക്കുന്നു. മമ്മൂട്ടിയുടെ ആരാധകർക്ക് തൃപ്തിപ്പെടാനുള്ള എല്ലാ വകുപ്പുകളും ചിത്രത്തിൽ ഉണ്ട്. പക്ഷെ ഒരു സാധാ മലയാളി കുടുംബ പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ കസബ ക്കു സാധിച്ചില്ല.

അഭിനയം, അഭിനേതാക്കൾ:
രാജൻ സക്കറിയ ആയി മമ്മൂട്ടി തിളങ്ങി. ആദ്യമൊക്കെ മമ്മൂട്ടിയുടെ നൃത്തം വെച്ചുള്ള നടത്തം അസഹ്യമായി തോന്നിയെങ്കിലും, പിന്നീട് കഥ പുരോഗമിച്ചപ്പോൾ , അതു ഭേദമായി തോന്നി. മമ്മൂട്ടിയുടെ ഒറ്റ വരിയിൽ ഉള്ള ദ്വയാർത്ഥ പദപ്രയോഗങ്ങൾ യുവാക്കളെ രസിപ്പിച്ചെങ്കിലും, കുടുംബ പ്രേക്ഷകർക്ക് തീർത്തും അലോസരമായി തോന്നി. സിദ്ദിഖ് തന്റെ റോൾ മികച്ചതാക്കി.നായികമാർ ആയ വരലക്ഷ്മി ,നേഹ തുടങ്ങിയവർ അമിതാഭിനയം കൊണ്ടു വിറപ്പിച്ചു. ആടുപുലിയാട്ടത്തിനു ശേഷം സമ്പത്തിന്റെ മറ്റൊരു മികച്ച വില്ലൻ വേഷം ചിത്രത്തിൽ കാണാൻ കഴിഞ്ഞു. ജഗദീഷ് തന്റെ റോൾ ഓവർ ആക്ടിങ് ചെയ്തു വെറുപ്പിച്ചിട്ടുണ്ട്.

സംവിധാനം, സാങ്കേതികം, സംഗീതം:
രാഹുൽ രാജിന്റെ സംഗീതത്തിൽ ഉള്ള ഒരേയൊരു പാട്ടു, കാതുകൾക്കും കണ്ണുകൾക്കും അരോചകം ആയിരുന്നു. നിതിൻ രഞ്ജി പണിക്കർ ഇത്തരം ഒരു ക്ലിഷേ തിരക്കഥ ഒരുക്കാൻ എന്താണ് കാരണം എന്നു എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. ക്ലൈമാക്സിലെ രംഗം പക്ഷെ മലയാള സിനിമകളിലെ ക്ലിഷേകളെ മുഴുവൻ തച്ചു ഉടക്കുന്ന ഒന്നായിരുന്നു.
സാങ്കേതികമായി ചിത്രത്തിൽ ഒരു മേന്മയും അവകാശപ്പെടാൻ ഇല്ലെങ്കിലും, ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയുടെ ഒരു മാസ്സ് മസാല സിനിമ ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി ആരാധകനെ തൃപ്തിപ്പെടുത്താൻ ഉള്ള ചേരുവകൾ കൃത്യമായ അളവുകളിൽ ചേർത്തിട്ടുണ്ട്.

പ്രേക്ഷക വിധി: 
കുടുംബ പ്രേക്ഷകർ ചിത്രം കണ്ടു മുഖം ചുളിച്ചു കഴിഞ്ഞു. ഇനി ചിത്രത്തിന്റെ ഭാവി മമ്മൂട്ടി ആരാധകരുടെ കൈയിൽ ഭദ്രം.

റേറ്റിങ്ങ് : 2 / 5

വാൽകഷ്ണം:  
അടി + ഇടി + വെടി = കസബ  ('അടി ' നമ്മൾ ഉദ്ദേശിക്കുന്ന അടി അല്ലാട്ടോ...)

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി