ഉയരെ


കഥാസാരം:
പല്ലവി (പാർവതി) ചെറുപ്പം മുതൽ പൈലറ്റ് ആകണം എന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ചു അതിനായി കഠിനാദ്ധ്വാനം ചെയ്തിരുന്നു. ഒടുവിൽ ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ തൊട്ടടുത്ത് വെച്ച് അവൾക്കൊരു അതിഭീകര വെല്ലുവിളി നേരിടേണ്ടി വരുന്നു. ആ വെല്ലുവിളിയെ പല്ലവി അതിജീവിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരം 'ഉയരെ'  പ്രേക്ഷകന് പകർന്നു നൽകുന്നു.

സിനിമ അവലോകനം:
ഒറ്റ വാക്കിൽ പറഞ്ഞാൽ അതിഗംഭീരം. ക്ലിഷെകൾ നിറഞ്ഞ ധാരാളം സീനുകൾ കുത്തി നിറക്കാൻ കഴിയുമായിരുന്ന ചിത്രത്തെ തികച്ചും നവ്യമായ അനുഭവമാക്കി പ്രേക്ഷകന് നൽകിയ അണിയറപ്രവർത്തകർക്ക് ബിഗ് സല്യൂട്ട്. സാമൂഹ്യ പ്രസക്തി നിറഞ്ഞ, അതിനപ്പുറം ജീവിത യാഥാർഥ്യങ്ങളിലേക്കു വിരൽ ചൂണ്ടുന്ന ഇത്തരം ഒരു വിഷയം പ്രേക്ഷകനിലേക്കു എത്തിച്ച സംവിധായകനും എഴുത്തുകാരും അഭിനന്ദനം അർഹിക്കുന്നു. ഒന്നിനൊന്നു മത്സരിച്ചുള്ള അഭിനേതാക്കളുടെ വേറിട്ട പ്രകടനം പ്രേക്ഷകന്റെ മനസ്സു് നിറക്കുന്നു.

അഭിനയം,അഭിനേതാക്കൾ:
പാർവതി എന്ന നടിയുടെ നിലപാടുകളോട് വിരോധം ഉള്ളവർ പോലും ഇതിലെ പ്രകടനം കണ്ടു കണ്ണ് തള്ളി ഇരിക്കുമ്പോൾ, അതിൽ പരം എന്ത് അംഗീകാരം ആണ് ആ അഭിനയ പ്രതിഭക്കു ലഭിക്കേണ്ടത്?  പല്ലവിയായി പാർവതി സ്‌ക്രീനിൽ നിറഞ്ഞാടുക ആയിരുന്നു. ഗോവിന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലി പ്രേക്ഷകനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. തികച്ചും അനായാസേന, മികച്ച കയ്യടക്കത്തോടെ അദ്ദേഹം ആ റോൾ ഭംഗിയാക്കി. ടോവിനോയിൽ നിന്ന് അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച പ്രകടനം. സിദ്ദിഖ് പതിവ് പോലെ അച്ഛൻ വേഷം അതിഗംഭീരം ആക്കി. അനാർക്കലി , പ്രേം പ്രകാശ് തുടങ്ങിയവർ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

സംഗീതം,സാങ്കേതികം, സംവിധാനം:
തീർത്തും മിതത്വം പാലിച്ച, കൈയടക്കം നിറഞ്ഞു തുളുമ്പിയ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. ബോബി-സഞ്ജയ് കൂട്ടുകെട്ട് ഒരിക്കൽ കൂടി മലയാളികൾക്ക് ഒരു ക്ലാസ് സിനിമ ഒരുക്കിയിരിക്കുന്നു. മനു അശോകൻ എന്ന സംവിധായകന്റെ ക്രഫ്ട്മാൻഷിപ് വിളിച്ചോതുന്ന അവതരണം. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ ഇരുത്തുന്ന ക്ലൈമാക്സ് രംഗങ്ങൾ ,അഭിനേതാക്കളുടെ മാസ്മരിക പ്രകടനങ്ങൾ , ഒപ്പം  ഗോപി സുന്ദറിന്റെ അതി ഗംഭീര ഈണങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.

പ്രേക്ഷക പ്രതികരണം:
എങ്ങും കൈയടികൾ മാത്രം....എല്ലാ മുഖങ്ങളിലും സംതൃപ്തി മാത്രം...

റേറ്റിങ്: 4 / 5

വാൽകഷ്ണം:
ഓരോ ചിത്രങ്ങളും കഴിയുംതോറും കൂടുതൽ മെച്ചപ്പെടുന്ന നടൻ ആസിഫ് അലി ആണോ ടോവിനോ ആണോ ഫഹദ് ആണോ എന്ന് മലയാളി പ്രേക്ഷകർക്ക് കൺഫ്യൂഷൻ ആയല്ലോ...!!!

---പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി