വെളിപാടിന്റെ പുസ്തകം




കഥാസാരം:
തീരദേശത്തെ ഒരു കോളേജിലേക്ക് വൈസ് പ്രിൻസിപ്പലായി ഇടിക്കുള (മോഹൻലാൽ) ചാർജ് എടുക്കുന്നു. ഹോസ്റ്റൽ ഇല്ലാത്ത കോളജിനായി, ഹോസ്റ്റൽ നിർമിക്കുവാൻ ഇടിക്കുള  സർ തീരുമാനം എടുക്കുന്നു. ഹോസ്റ്റൽ പണിയാനുള്ള ഫണ്ട് സ്വരൂപിക്കുവാനായി സിനിമ നിർമാതാവായ വിജയ് ബാബുവിന്റെ സഹായത്തോടെ കോളേജ് പിള്ളേർക്കൊപ്പം ഒരു സിനിമ ഉണ്ടാക്കുവാൻ തീരുമാനം ആകുന്നു. ആ സിനിമക്കുള്ള കഥ തപ്പി നടന്ന അവർക്കിടയിലേക്ക് ആ കോളേജ് ഉണ്ടാകുവാൻ കാരണക്കാരൻ ആയ വിശ്വൻ (അനൂപ് മേനോൻ) എന്ന വ്യക്തിയുടെ ജീവിത കഥ എത്തുന്നു. ശേഷം 'വെളിപാടിന്റെ പുസ്തകം ' എന്ന ചിത്രം പ്രേക്ഷകന് പകർന്നു നൽകും
സിനിമ അവലോകനം:
മലയാള സിനിമാലോകം രണ്ടു പതിറ്റാണ്ടായി കാത്തിരിക്കുന്ന ചിത്രം ആണ് ലാൽ ജോസ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ. പ്രേക്ഷകന്റെ പ്രതീക്ഷകൾ വാനോളം എത്തിയപ്പോൾ , ആ പ്രതീക്ഷ നില നിർത്താൻ ഇരുവർക്കും കഴിഞ്ഞില്ല എന്നത്  തികച്ചും ഖേദനാജനകം ആണ്. പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത തിരക്കഥയെ തന്നാൽ ആവും വിധം നന്നാക്കുവാൻ സംവിധായകൻ ശ്രമിച്ചുവെങ്കിലും പാളി പോയി. കഥാപാത്രങ്ങൾക്ക് കാമ്പില്ലാതെ പോയത് തിരക്കഥയുടെ വലിയ ഒരു പോരായ്മയാണ്. ആക്ഷൻ രംഗങ്ങളും മീശ പിരിയൻ രംഗങ്ങളും മോഹൻലാൽ ആരാധകർക്ക് കുളിർമ നൽകുമെങ്കിലും, സാധാരണ പ്രേക്ഷകന് ചിത്രം ഒരു പരിധി വരെ നിരാശയാണ് സമ്മാനിച്ചത്. ചിത്രത്തിന്റെ ദൈര്ക്യവും പ്രേക്ഷകനെ പലപ്പോഴും മുഷിപ്പിച്ചു.

അഭിനയം, അഭിനേതാക്കൾ:
മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ അഭിനയത്തെ വിലയിരുത്തേണ്ട കാര്യം ഇല്ല. മികച്ച രീതിയിൽ തന്നെ, വ്യത്യസ്തത നിറഞ്ഞ മാനറിസങ്ങളിലൂടെ അദ്ദേഹം അത് ഭംഗിയാക്കി. ആക്ഷൻ രംഗങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ മെഴ്‌വഴക്കം അഭിനന്ദനം അർഹിക്കുന്നു. നായികാ കഥാപാത്രമായി വന്ന അന്ന തീർത്തും നിരാശപ്പെടുത്തി. രണ്ടാം ഭാഗത്തുള്ള അഭിനയം തീർത്തും കൃത്രിമത്വം  (മരണ  രംഗം ) അനുഭവപ്പെടുന്ന രീതിയിൽ ആയിരുന്നു. സിദ്ദിഖ് , അരുൺ കുര്യൻ , ശരത്, സലിം കുമാർ തുടങ്ങിയവർ മികച്ച പ്രകടനം പുറത്തെടുത്തു. അതി ഗംഭീര പ്രകടനം നടത്തി പ്രേക്ഷകനെ ഞെട്ടിച്ചത് ചെമ്പൻ വിനോദ് ആണ്. തന്റെ റോൾ അതി ഗംഭീരമായി തന്നെ അദ്ദേഹം അവതരിപ്പിച്ചു. അനൂപ് മേനോൻ വിശ്വനായി അവതരിപ്പിച്ചപ്പോൾ കിട്ടിയ ഫ്രഷ്‌നെസ്സ് ഒന്ന് വേറെ തന്നെയാണ്.

സംഗീതം, സാങ്കേതികം , സംവിധാനം :ഷാൻ റഹ്മാന്റെ 'എന്റമ്മേടെ ജിമിക്കി കമ്മൽ ' എന്ന ഗാനം ഒഴികെ മറ്റുള്ളവയൊക്കെയും പെട്ടന്നു തന്നെ വിസ്‌മൃതിയിൽ ആണ്ടുപോകും. ബെന്നി പി നായരമ്പലത്തിന്റെ മോശം തിരക്കഥ ചിത്രത്തെ പലയിടത്തും പിന്നോട്ട് വലിക്കുന്നു കഥാപാത്രങ്ങൾക്ക് കരുത്തു നല്കുന്നിടത്തു ബെന്നി പി നായരമ്പലത്തിന്റെ തൂലിക പരാജയപെട്ടു. മലയാളത്തിലെ മഹാനടനും, മികച്ച സംവിധായകരിൽ ഒരാളും വിചാരിച്ചാൽ നന്നാക്കാവുന്നതിനേക്കാൾ താഴെ ആയിരുന്നു തിരക്കഥയുടെ ബലം. അദ്ദേഹം എഴുതിയ ചില നർമ രംഗങ്ങൾ മികച്ചതായിരുന്നു എന്നത് അഭിനന്ദനാർഹം തന്നെ. വിഷ്ണു ശർമയുടെ ഛായാഗ്രഹണം മോശമായില്ല. ലാൽ ജോസ് എന്ന സംവിധായകന്റെ കര വിരുത് പല രംഗങ്ങളിലും മിസ് ചെയ്തു . അദ്ദേഹത്തിൽ നിന്ന് ഒരു മോഹൻലാൽ ചിത്രം എന്നുള്ള അമിത പ്രതീക്ഷയും ഒരു കാരണം ആണെന്ന് കരുതാം.

പ്രേക്ഷക പ്രതികരണം:
മോഹൻലാലിൻറെ പ്രകടനം കാണാനായി മാത്രം കേറാം. ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ ചിത്രം പരാജയം ആണ്.

റേറ്റിങ്: 2.5 / 5

വാൽകഷ്ണം: 
അനൂപ് മേനോൻ 'മോഹൻലാൽ' ആകാൻ ശ്രമിക്കുന്നു എന്നായിരുന്നു പ്രേക്ഷകന്റെ വിലാപം.... ഇതാ ഇപ്പൊ ഈ സിനിമയിൽ മോഹൻലാൽ 'അനൂപ് മേനോൻ' ആകുന്നു...വാട്ട് എ ചേഞ്ച് ....!!! 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി