ടേക്ക് ഓഫ്



കഥാസാരം:
2014 ൽ ഇറാഖിലെ ആഭ്യന്തര യുദ്ധത്തിൽ IS തീവ്രവാദികളാൽ  ബന്ദികളാക്കപ്പെട്ട 46 ഇന്ത്യൻ നേഴ്സ് മാരുടെ നിസ്സഹായാവസ്ഥയും രക്ഷപെടലിന്റെയും യഥാർത്ഥ അനുഭവങ്ങൾ നമ്മൾ പത്രങ്ങളിലും, ചാനലുകളിൽ നിന്നും കണ്ടു അറിഞ്ഞതാണ്. എന്നാൽ പ്രസ്തുത സംഭവത്തിന്റെ തീവ്രതയും, ഭീകരതയും അതേ പോലെ പ്രേക്ഷകന് മുന്നിൽ ഒരു  ദൃശ്യാനുഭവം ആയി  വരച്ചു കാട്ടുകയാണ്  'ടേക്ക് ഓഫ് ' . സമീറ (പാർവതി) എന്ന നഴ്‌സിന്റെ വീക്ഷണ കോണിലാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

സിനിമ വിശകലനം:
ഒരു യഥാർത്ഥ സംഭവം സിനിമയാക്കുക മലയാളത്തിൽ ഇത് ആദ്യം അല്ല.ഈ കഴിഞ്ഞ വർഷങ്ങളിൽ തന്നെ മൊയ്‌ദീൻ -കാഞ്ചനമാല പ്രണയവും, ജേക്കബിന്റെ സ്വർഗ്ഗരാജ്യവും ഒക്കെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനം ആക്കി ചിത്രീകരിച്ചവ ആയിരുന്നു. ഇത്തരം ചിത്രങ്ങളുടെ വൻവിജയം മൂലം ആകും തന്റെ ആദ്യ ചിത്രവും ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി നിർമിക്കാൻ മഹേഷ് നാരായണൻ തയ്യാർ ആയതു. ഇത്തരം ചിത്രങ്ങൾ നിർമിക്കുമ്പോൾ സംവിധായകനും, എഴുത്തുകാരനും എത്രത്തോളം ഗൃഹപാഠം ചെയ്യുന്നുവോ അത്രത്തോളം ചിത്രത്തിന്റെ മാറ്റ് കൂടും.  തന്റെ ആദ്യ ചിത്രം പത്തരമാറ്റോടു കൂടി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ മഹേഷിനു അഭിമാനിക്കാം. ചിത്രം നൂറു ശതമാനം റിയലിസ്റ്റിക്  അല്ലെങ്കിൽ കൂടിയും, കൂടുതലും യാഥാർഥ്യത്തോട് പൊരുത്തപെട്ട രംഗങ്ങൾ ആയിരുന്നു. അഭിനേതാക്കളുടെ അത്യുഗ്രൻ പ്രകടനവും, പശ്ചാത്തല സംഗീതവും ചിത്രത്തെ മികച്ച ഒരു ദൃശ്യാനുഭവം ആക്കി തീർത്തു.

അഭിനയം, അഭിനേതാക്കൾ:
ഈ ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വെച്ചു. കേന്ദ്ര കഥാപാത്രമായ സമീറയെ പാർവതി അനായാസേനെ പ്രേക്ഷകന് മുന്നിൽ പകർന്നു ആടിയപ്പോൾ, കാഞ്ചനമാലക്കും, ടെസ്സക്കും ശേഷം തന്നിലൂടെ വീണ്ടും ഒരു കരുത്തുറ്റ കഥാപാത്രത്തെ പാർവതി പ്രേക്ഷകന് സമ്മാനിച്ചു. കുഞ്ചാക്കോ ബോബൻ റൊമാന്റിക് ഹീറോ തന്നെയെന്ന് തുടക്കത്തിലേ രംഗങ്ങളിൽ കൂടി വീണ്ടും തെളിയിച്ചു. ആസിഫ് അലി യുടെ തന്മയത്വം നിറഞ്ഞ ഒരു കഥാപാത്രം വീണ്ടും അഭ്രപാളികളിൽ ദൃശ്യ വിരുന്നു ഏകി. 'മഹേഷിന്റെ പ്രതികാരം ' എന്ന ചിത്രത്തിന് ശേഷം ഒരു വർഷത്തിന് ശേഷം ഇറങ്ങുന്ന ഫഹദ് ചിത്രം എന്നതായിരുന്നു 'ടേക്ക് ഓഫ്' നു കിട്ടിയ ഫസ്റ്റ് മാർക്കറ്റിങ് ഗ്രേഡ്. ആ ഗ്രേഡിംഗ് നൂറു ശതമാനം ശെരി വെച്ചു കൊണ്ട് ഫഹദിന്റെ അത്യുഗ്രൻ പ്രകടനം. സൂക്ഷ്മാഭിനയത്തിന്റെ പാഠങ്ങൾ ഫഹദ് പഠിച്ചു തുടങ്ങിയിരിക്കുന്നു എന്ന് നിസ്സംശയം പറയാവുന്ന പ്രകടനം.  മറ്റു നഴ്സുമാരെ അവതരിപ്പിച്ച നടികളും അവരുടെ റോളുകൾ ഭംഗിയാക്കി.

സംഗീതം, സംവിധാനം, സാങ്കേതികം:
ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ആണ് ഈ ചിത്രത്തിലെ ഏറ്റവും മികച്ച ചേരുവകളിൽ ഒന്ന്. കഥാസന്ദർഭത്തോട് നൂറു ശതമാനം നീതി പുലർത്തിയ പശ്ചാത്തല സംഗീതം. ഈ  മേഖലയിൽ ഇന്ന് മലയാള സിനിമയിൽ നമ്പർ വൺ താൻ ആണെന്ന് ഗോപി സുന്ദർ ഒരിക്കൽ കൂടി തെളിയിച്ചു. സംവിധായകൻ കൂടി ആയ മഹേഷും, ഷാജി കുമാറും ചേർന്ന് ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. ആദ്യ ഭാഗങ്ങളിൽ വലിച്ചു നീട്ടൽ അനുഭവപ്പെട്ടെങ്കിലും,അതെല്ലാം രണ്ടാം ഭാഗത്തിലെ ഗംഭീര ആഖ്യാന രീതി മാറ്റി കളഞ്ഞു. ഷാനുവിന്റെ ക്യാമറ വർക്കും അതി ഗംഭീരമായി.

പ്രേക്ഷക വിധി:
മനഃസാക്ഷിയുള്ള, ജീവിത നേർക്കാഴ്ചകൾ ഇഷ്ടപെടുന്ന ഏതൊരു സാധാരണക്കാരനും ഇഷ്ടമാകുന്ന മികച്ച ചിത്രം. അടി വേണം, ഇടി വേണം, പാട്ടു വേണം, ഡാൻസ് വേണം , ട്വിസ്റ്റ് വേണം എന്നുള്ളവർ മാറി നിൽക്കുക. അല്ലാത്ത ഏതൊരു പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന ഒരു നല്ല സിനിമയാണ് 'ടേക്ക് ഓഫ്'.

റേറ്റിങ്: 4  / 5

വാൽ കഷ്ണം:
സിനിമ തുടങ്ങുന്നതിനു മുൻപുള്ള ദേശിയ ഗാനം കേൾക്കാൻ മടിച്ചു മടിച്ചു എണീറ്റവർ, ക്ലൈമാക്സിലെ ഇന്ത്യൻ പതാക പറക്കുന്ന രംഗം  കണ്ടു അറിയാതെ എഴുന്നേറ്റു നിന്ന് കൈയടിച്ചു പോയി.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി