മുന്തിരിവള്ളികൾ തളിർക്കുമ്പോൾ


കഥാസാരം:
ഉലഹന്നാൻ(മോഹൻലാൽ) പഞ്ചായത്ത് സെക്രട്ടറി ആയി ജോലി ചെയുന്ന മധ്യവയസ്ക്കൻ ആണ്. അദ്ദേഹത്തിന്റെ ഭാര്യ ആനി (മീന), ഒരു മകൾ , ഒരു മകൻ അടങ്ങുന്നതാണ് ഉലഹന്നാന്റെ കുടുംബം. സ്വന്തം ഭാര്യ ഉൾപ്പെടെ ജീവിതത്തിൽ എല്ലാത്തിനോടും മടുപ്പു തോന്നിയിരുന്ന ഉലഹന്നാനു ഒരു ദിവസം ഭാര്യയിൽ പുതുമ കാണാൻ തുടങ്ങുന്നു. അവരുടെ ജീവിതം മാറി മറിയുന്നു. പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തിന്റെ മുന്തിരിവള്ളികൾ തളിർത്തു തുടങ്ങുന്നിടത്തു കഥ പുരോഗമിക്കുന്നു.

സിനിമ അവലോകനം :
'വെള്ളിമൂങ്ങ' എന്ന ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ജിബു ജേക്കബ് എന്ന സംവിധായകൻ, മോഹൻലാൽ എന്ന സൂപ്പർ താരത്തോടൊപ്പം യോജിച്ചപ്പോൾ പ്രേക്ഷക പ്രതീക്ഷ  വാനോളം ആയിരുന്നു. ആ പ്രതീക്ഷ ഒരു പരിധി വരെ കാത്തു സൂക്ഷിക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ 60%  കുടുംബങ്ങളിലും കണ്ടു വരുന്ന രണ്ടു വ്യത്യസ്ത പ്രേശ്നങ്ങൾ സിനിമയുടെ ആദ്യ പകുതിയിലും, രണ്ടാം പകുതിയിലും ആയി പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചു. കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു നല്ല ചിത്രമാണ് 'മുന്തിരി വള്ളികൾ തളിർക്കുമ്പോൾ'. റിയലിസ്റ്റിക് അനുഭവങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ അങ്ങിങ്ങായി ചില രംഗങ്ങൾ കല്ലുകടി സൃഷ്ടിച്ചെങ്കിലും, ആകെ തുക പ്രേക്ഷകനെ തൃപ്തിപ്പെടുത്തി.

അഭിനയം, അഭിനേതാക്കൾ:
മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ കൈയിൽ ഭദ്രം ആയിരുന്നു 'ഉലഹന്നാൻ ' എന്ന കേന്ദ്ര കഥാപാത്രം. റൊമാന്റിക് രംഗങ്ങളിൽ തന്നെ കഴിഞ്ഞേ ഉള്ളു മറ്റേതു നടനും എന്ന് ലാൽ ഒരിക്കൽ കൂടി തെളിയിച്ചു. മീനയുടെ അഭിനയത്തിൽ ചിലയിടങ്ങളിൽ കൃതിമത്വം അനുഭവപ്പെട്ടെങ്കിലും, ആനി എന്ന കഥാപാത്രത്തെ മോശമാക്കിയില്ല. കുട്ടികളുടെ വേഷം ചെയ്ത രണ്ടുപേരും നന്നായി.ഷറഫുദീൻറെ നല്ല ഒരു വേഷം കാണാൻ ആദ്യമായി സാധിച്ചു. ആശ ശരത്, ബിന്ദു പണിക്കർ , അനൂപ് മേനോൻ തുടങ്ങിയവർ തങ്ങൾക്കു ലഭിച്ച റോൾ മികച്ചതാക്കി. നാളുകൾക്കു ശേഷം സുരാജിൽ നിന്നു ശാരാശരിക്കും താഴെ നിന്ന ഒരു പ്രകടനം.

സംഗീതം, സംവിധാനം, സാങ്കേതികം:
എം. ജയചന്ദ്രന്റെ പാട്ടുകൾ ഒക്കെ തന്നെ നേരത്തെ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. 'അത്തിമര   കൊമ്പിലെ ' എന്നു തുടങ്ങുന്ന  ശ്രേയ  ഘോഷാൽ - വിജയ് യേശുദാസ്  ഗാനം മികച്ചു നിന്നു. ജിബു ജേക്കബിന്റെ സംവിധാന മികവ് ശരാശരിയിൽ ഒതുങ്ങി. ജയിംസിന്റെ 'പ്രണയോപനിഷിത്' എന്നു ചെറുകഥക്കു സിന്ധുരാജ് എന്ന രചയിതാവ് സിനിമ പരിവേഷം നൽകിയപ്പോൾ, ചില കഥാപാത്ര സൃഷ്ടി അനാവശ്യമായി തോന്നി. അങ്ങിങ്ങായുള്ള ചില അനാവശ്യ രംഗങ്ങൾ ഒഴിവാക്കിയിരുന്നേൽ, പ്രേക്ഷകനെ കൂടുതൽ രസിപ്പിച്ചേനെ ഈ ചിത്രം. പ്രമോദിന്റെ ഛായാഗ്രഹണം ശരാശരിയിൽ ഒതുങ്ങി.

പ്രേക്ഷക വിധി:
കുടുംബ സമേതം പോയി കണ്ടു ആസ്വാദിക്കാവുന്ന ഒരു ചെറിയ കുടുംബ ചിത്രം. ട്വിസ്റ്റോ, സസ്പെൻസോ , ആക്ഷൻ രംഗങ്ങളോ ഒന്നും ഇല്ലാത്ത ഒരു ശരാശരി ഫീൽ ഗുഡ് മൂവി.

റേറ്റിങ്: 3  / 5
വാൽകഷ്ണം : 
മോഹൻലാൽ എന്ന അഭിനയപ്രതിഭയെ മാറ്റി നിർത്തിയാൽ ഈ സിനിമയുടെ സൂത്ര വാക്യം ഇങ്ങനെ എഴുതാം
വെറുതെ ഒരു ഭാര്യ + ഭാര്യ അത്ര പോരാ +"വിശ്വാസം...അതല്ലേഎല്ലാം " എന്ന കല്യാൺ പരസ്യം  = മുന്തിരി വള്ളികൾ തളിർക്കുമ്പോൾ

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി